‘വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല’ ; സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനിലിന് രൂക്ഷവിമര്‍ശനം

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മന്ത്രി ജി ആര്‍ അനിലിന് രൂക്ഷവിമര്‍ശനം. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ മന്ത്രിക്ക് കഴിയുന്നില്ലെന്നും
മാവേലി സ്റ്റോറിലൂടെ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്ന വാഗ്ദാനം പാഴ് വാക്കായി എന്നുമാണ് വിമര്‍ശനം. വെളിച്ചെണ്ണ വില വര്‍ധനയും നാണക്കേടാണെന്ന് അഭിപ്രായമുയര്‍ന്നു. കുറഞ്ഞ വിലയില്‍ നല്ല എണ്ണ പൊതു വിപണിയില്‍ കിട്ടും. പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്നും പ്രതിനിധികള്‍ ചോദിച്ചു.
ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ തിരുത്തലിന് തയാറാകണമെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടത് മുന്നണി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും രാഷ്ട്രീയ റിപോര്‍ട്ട് ആവശ്യപ്പെടുന്നു. രാഷ്ട്രീയ റിപോര്‍ട്ടിന്മേലുളള പൊതുചര്‍ച്ചയില്‍ സര്‍ക്കാരിനും സിപിഐഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നുവെന്നാണ്
വിമര്‍ശനം.
പാലക്കാട്,നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തിലാണ് സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപോര്‍ട്ട് തിരുത്തല്‍ ആവശ്യപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം എന്നാണ് റിപോര്‍ട്ടിലെ ആവശ്യം. ജനവികാരം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് ശ്രമിക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുതലോടെ നീങ്ങണമെന്നും രാഷ്ട്രീയ റിപോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
ഇതര ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിനെ പൂര്‍ണമായും ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ സര്‍ക്കാരിനും സിപിഐഎമ്മിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്നത്. ഗവര്‍ണക്കെതിരായ പോരാട്ടത്തില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പാണെന്നും സമീപനത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. നിലപാടുകളില്‍ സിപിഐഎം വെളളം ചേര്‍ക്കുകയാണ്. എല്ലാമേഖലയിലും സിപിഐയെ താഴ്ത്തിക്കെട്ടാനാണ് സിപിഐഎമ്മിന്റെ ശ്രമം.വലിയ പാര്‍ട്ടി എന്ന രീതിയിലാണ് സിപിഐഎമ്മിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത് എന്നിങ്ങനെയും വിമര്‍ശനമുണ്ട്.



