ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ആറ്റിങ്ങലിൽ പ്രസവശേഷം ആശുപത്രിയിൽ എത്തിച്ച നവജാതശിശു മരിച്ചു. ആലംകോട് സ്വദേശിയായ 23 കാരിയുടെ കുഞ്ഞാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായ യുവതി വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി യുവതിക്ക് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് പൂർണ്ണവളർച്ച എത്താത്ത ആൺകുഞ്ഞിന് വീട്ടിൽ വെച്ചുതന്നെ ജന്മം നൽകുകയുമായിരുന്നു. അതിന് പിന്നാലെയാണ് കുഞ്ഞിനെ കുടുംബം ആശുപത്രിയിൽ എത്തിക്കുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്ക് അവശതയുണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിലേക്ക് കൊണ്ടുപോയില്ല എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.

എന്നാൽ യുവതിക്ക് പ്രസവവേദന ആയിരുന്നുവെന്നുള്ള കാര്യം തിരിച്ചറിയാൻ സാധിച്ചില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് അൾസർ ഉണ്ടായിരുന്നതിനാൽ അതാകും അസ്വസ്ഥത കാണിച്ചിരുന്നത് എന്നാണ് കരുതിയതെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ പിന്നീടാണ് പ്രസവവേദനയാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ തന്നെ യുവതി വീട്ടിൽ പ്രസവിക്കുകയുമായിരുന്നു. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്.ഡോക്ടർ പരിശോധിച്ച ശേഷം കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *