ഉത്തരകാശിയിലെ മേഘവിസ്‌ഫോടനം:അടിയന്തര സഹായവുമായി കേന്ദ്രം

ഡെറാഡൂണ്‍: മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ അടിയന്തര സഹായവുമായി കേന്ദ്രം. കേന്ദ്രമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 150 സൈനികര്‍ എത്തി. 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമ്പതിലേറേ പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

‘ഉത്തരകാശിയിലെ ധാരാളിയില്‍ ഉണ്ടായ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. മൂന്ന് ഐടിബിആര്‍ (ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നാല് ദേശീയ ദുരന്തനിവാരണ സേന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.’-അമിത് ഷാ പറഞ്ഞു

ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാലു

പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മലയാളികളടക്കം ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് മിന്നല്‍ പ്രളയമുണ്ടായത്.

അതിനിടെ ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി ക്യാംപിന് 4 കിലോമീറ്റര്‍ അകലെ ഉരുള്‍പൊട്ടി. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായത്തിന് പ്രത്യേക സംവിധാനം ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.

ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് സൈന്യം അറിയിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേരുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഓഫീസിലാണ് അടിയന്തര യോഗം നടക്കുന്നത്. മുകളില്‍ നിന്ന് ഒഴുകിവരുന്ന മലവെളളം അതിശക്തമായി വീടുകളെ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖിര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് അധികാരികള്‍ അറിയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *