ആശിർനന്ദ ജീവനൊടുക്കിയ സംഭവം; മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ കേസ്

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദ ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മുന്‍ പ്രിന്‍സിപ്പള്‍ ജോയ്സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തിട്ടുളളത്.

ജൂണ്‍ 24നാണ് തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആശിർനന്ദയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയതിനാണ് ആശിര്‍നന്ദ ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയത്. അധ്യാപകരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നും ആരോപണമുയര്‍ന്നിരുന്നു. കുട്ടിയുടെ മരണത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും ബന്ധുക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.

സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആശിര്‍നന്ദയുടെ കുറിപ്പ് ലഭിച്ചിരുന്നു. സുഹൃത്തിന്റെ ബുക്കിന്റെ പിന്‍ഭാഗത്തായായിരുന്നു ആശിര്‍നന്ദ കുറിപ്പെഴുതിയത്. സ്‌കൂളിലെ അധ്യാപകര്‍ തന്റെ ജിവിതം തകര്‍ത്തു എന്നായിരുന്നു ആശിര്‍നന്ദ എഴുതിയിരുന്നത്.

കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരില്‍ ഉരയ്ക്കുക, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തുക, മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റുക, നോട്ട് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന പ്രവണതയടക്കം ഈ സ്‌കൂളില്‍ നടക്കുന്നതായും ആരോപണമുയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *