പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കൾക്കെതിരെ വിമർശനവുമായി ജി സുധാകരൻ

കൊച്ചി: പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കൾക്കെതിരെ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ. പാർട്ടിയിലെയും സർക്കാരിലെയും യുവനേതാക്കളിൽ ആരും ശരാശരിക്ക് മുകളിൽ പ്രകടനം കാഴ്ചവെക്കുന്നില്ല എന്നായിരുന്നു സുധാകരൻ വിമർശിച്ചത്. പൊതുജനത്തിനും ഇതേ കാഴ്ചപ്പാട് തന്നെയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ വിമർശനം.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സുധാകരൻ രംഗത്തുവന്നു. താൻ മന്ത്രിയായി അധികാരമേറ്റെടുക്കുന്ന സമയത്ത് വകുപ്പിൽ അഴിമതി സർവവ്യാപിയായിരുന്നു. താൻ കർശനമായ നിലപാടെടുത്തു. തനിക്ക് മുൻപേയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജയിലിലായതും തന്റെ കാലത്തായിരുന്നു. അഴിമതി അവസാനിച്ചു, ജനങ്ങൾ വകുപ്പിനെക്കുറിച്ച് നല്ലത് പറയാൻ ആരംഭിച്ചു. എന്നാൽ 2021 മുതൽ അഴിമതിക്കെതിരെ കർശന നടപടി എടുക്കുന്നതായി കാണുന്നില്ലെന്നും സുധാകരൻ വിമർശിച്ചു. റിയാസിന്റെ പേരെടുത്തുപറയാതെയായിരുന്നു സുധാകരന്റെ വിമർശനം.
പാർട്ടിയിലെ പ്രായപരിധിക്കെതിരെയും സുധാകരൻ രംഗത്തുവന്നു. ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇങ്ങനെയൊരു പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. എന്തിനാണ് ഇങ്ങനൊരു പ്രായപരിധി എന്ന് തനിക്ക് അറിയില്ല. പാർട്ടിക്ക് ഒരുപാട് ചെറുപ്പക്കാരായ നേതാക്കളുണ്ട് എന്നും കമ്മ്യൂണിസ്റ്റുകളുടെ പാർട്ടി പ്രവർത്തനത്തിന് പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നത് ഒട്ടും ശരിയല്ല എന്നും സുധാകരൻ അഭിപ്രായപ്പെട്ടു. പാർട്ടി ഭരണഘടനയിൽ പോലും ഇല്ലാത്ത കാര്യമാണ് പ്രായപരിധി എന്നും എന്ന് വേണമെങ്കിൽ അതെടുത്തുമാറ്റാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.