കോണ്‍ക്ലേവില്‍ സംവിധായകന്‍ രഞ്ജി പണിക്കറും അഭിനേത്രി രേവതിയും തമ്മില്‍ പോര്

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവില്‍ സംവിധായകന്‍ രഞ്ജി പണിക്കറും അഭിനേത്രി രേവതിയും തമ്മില്‍ പോര്. ഡബ്ല്യുസിസിയെ രഞ്ജി പണിക്കര്‍ വിമര്‍ശിച്ചതാണ് തര്‍ക്കത്തിന് കാരണം. ഡബ്ല്യുസിസി മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കര്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ ഫെഫ്ക്ക ഉള്‍പ്പെടെ സംഘടനകള്‍ ഉണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
സിനിമയില്‍ ലിംഗസമത്വം അംഗീകരിക്കപ്പെട്ടത് ഡബ്ല്യുസിസിയുടെ നിലപാടിന്റെ ഫലമെന്നായിരുന്നു രേവതിയുടെ പ്രതികരണം. വനിതകള്‍ക്ക് പ്രാതിനിധ്യം കിട്ടിയതും ഡബ്ല്യുസിസിയുടെ ഇടപെടല്‍ കാരണമെന്ന് രേവതി പറഞ്ഞിരുന്നു. സിനിമ കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമുള്ള ആദ്യ സെഷനിലായിരുന്നു തര്‍ക്കമുണ്ടായത്. ഫെഫ്കയുടെ പ്രതിനിധിയായാണ് രഞ്ജി പണിക്കറെത്തിയത്. ലിംഗസമത്വം സംബന്ധിച്ച സെഷനിലാണ് തര്‍ക്കമുണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് കോണ്‍ക്ലേവ് നടക്കുന്നത്. മോഹന്‍ലാലും സുഹാസിനിയും ഉദ്ഘാടനത്തിലെ മുഖ്യാതിഥികളായി. മലയാള ചലച്ചിത്രമേഖലയുടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ അപഗ്രഥിച്ചുകൊണ്ട് തയ്യാറാക്കുന്ന ഒരു ചലച്ചിത്ര നയത്തിന് സിനിമയുടെ ആവാസവ്യവസ്ഥയെ പുഷ്ടിപ്പെടുത്താനും വ്യക്തമായ ദിശാബോധം നല്‍കാനും കഴിയുമെന്ന് മോഹന്‍ലാല്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സംസ്ഥാന സിനിമാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നും നാളെയും സിനിമാ കോണ്‍ക്ലേവ് നടക്കുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒമ്പത് വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു കോണ്‍ക്ലേവ്. കോണ്‍ക്ലേവില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസത്തിനകം സിനിമാ നയം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.