ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുര:നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ ജീവനക്കാരികള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുന്‍ ജീവനക്കാരികള്‍ സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്നാണ് കണ്ടെത്തല്‍. പണമിടപാടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.
ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന ആഭരണവില്‍പ്പന ശാലയില്‍ നിന്ന് 69 ലക്ഷം രൂപ മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തു എന്നായിരുന്നു ദിയ കൃഷ്ണയുടെ പരാതി. മൂന്ന് പ്രതികളുടെ അഞ്ച് അക്കൗണ്ടുകളിലേക്കായി 40 ലക്ഷം രൂപ മാറ്റിയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാനര്‍ മാറ്റിവച്ചുകൊണ്ടാണ് ജിവനക്കാരികള്‍ സാമ്പത്തിക തിരിമറി നടത്തിയത്. ജീവനക്കാരികളുടെ ചില സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടുകളിലേക്ക് കൂടി പണം മാറ്റിയോ എന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
മുന്‍ ജീവനക്കാരികളായ വിനീത, രാധാകുമാരി എന്നീ പ്രതികളാണ് ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങയത്. അതേസമയം കേസിലെ മൂന്നാം പ്രതി ഒളിവിലാണ്. ഈ ജീവനക്കാരിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ ഉള്‍പ്പെടെ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നതായി സൂചനയുണ്ട്. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതിയും കേസും വന്നതിനു പിന്നാലെ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ ഇവര്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇരുവരും കീഴടങ്ങിയത്. ഹെല്‍മറ്റ് ധരിച്ചാണ് പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്കു മുന്‍പിലെത്തിയത്. പ്രതികള്‍ ഏറെനാളായി ഒളിവിലായിരുന്നു. മ്യൂസിയം പൊലീസ് പലതവണ ഇവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.