കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍

അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും.
ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചോറ്റാനിക്കര പൊലീസ്. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടന്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുറിയില്‍ മാറ്റാരുമില്ലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ റൂമിലെത്തി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മൂന്നു പതിറ്റാണ്ടിലധികമായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സ്റ്റേജിലും സജീവമാണ് നവാസ്. വിധി കര്‍ത്താവിന്റെ റോളില്‍ റിയാലിറ്റി ഷോകളില്‍ തിളങ്ങി. 1997ല്‍ ഇറങ്ങിയ ജൂനിയര്‍ മാന്‍ഡ്രേക്കിലൂടെ മുന്‍നിര ഹാസ്യതാരമായി വളര്‍ന്നു. അമ്മ അമ്മായി അമ്മ, മാട്ടുപ്പെട്ടി മച്ചാന്‍ എന്നീ സിനിമകളിലൂടെ ഹാസ്യനടന്‍ എന്ന നിലയിലെ നിറസാന്നിധ്യം ഉറപ്പിച്ചു. 1999ലാണ് നവാസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് റിലീസുകള്‍. ചന്ദാമാമയും മൈ ഡിയര്‍ കരടിയും. രണ്ടും മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റി. പിന്നീടങ്ങോട്ട് വണ്‍മാന്‍ ഷോ, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട് എന്നിങ്ങനെ ഹിറ്റുകളുടെ ചിരിപ്പടക്കം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത് ഡിക്റ്റക്റ്റീവ് ഉജ്ജ്വലന്‍. നീലാകാശം നിറയെ’ എന്ന ചിത്രത്തിലൂടെ ആണ് കലാഭവന്‍ നവാസ് ആദ്യമായി നായകനായി വേഷമിടുന്നത്.
നിയാസ് ബക്കറും നിസാമുദ്ദീനുമാണ് സഹോദരങ്ങള്‍. നിയാസ് ബക്കര്‍ സിനിമാ, സീരിയല്‍ രംഗത്ത് സജീവമാണ്. കേളി, വാത്സല്യം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ അബൂബക്കറാണ് നവാസിന്റെ പിതാവ്. നടി രഹനാ നവാസാണ് ഭാര്യ.