വീണ്ടും ഒരു ഗ്രീഷ്മ തനിയാവർത്തനം; കോതമംഗലത്തെ യുവാവിനെ കൊല്ലാൻ പെൺസുഹൃത്ത് നൽകിയത്;പാരക്വിറ്റ് എന്ന കീടനാശിനി

കൊച്ചി: കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെൺസുഹൃത്ത് അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അൻസിലിന് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് എന്തിൽ കലക്കിയാണ് നൽകിയതെന്ന് വ്യക്തമല്ല. അദീനയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
തിരുവനന്തപുരത്ത് കാമുകൻ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കക്ഷായത്തിൽ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. കേസിൽ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്.അൻസിലിനെ ഒഴിവാക്കാനാണ് അദീന കീടനാശിനി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ അൻസിൽ ഉൾപ്പെടെ ചില യുവാക്കളുമായി ബന്ധമുള്ള അദീനയ്ക്ക് ഇപ്പോൾ മറ്റൊരു യുവാവുമായി അടുപ്പമുണ്ട്. ഇപ്പോൾ ജയിലിൽ കഴിയുന്ന അയാൾ ഉടൻ പുറത്തിറങ്ങും.
അതിനുമുമ്പ് അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകി കാെലപ്പെടുത്തിയത്.ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ ഒറ്റയ്ക്കാണ് അദീന താമസിക്കുന്നത്. ഇവിടേയ്ക്ക് അൻസിൽ പതിവായി എത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ മുപ്പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം നൽകുകയായിരുന്നു. അൻസിൽ ഒരിക്കൽ വീട്ടിലെത്തി അദീനയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അദീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കീടനാശിനി ലഭിച്ചിട്ടുണ്ട്.