എനിക്ക് അമ്മയെ കാണാൻ ആഗ്രഹമുണ്ട്’; നിമിഷ പ്രിയയുടെ മകൾ മിഷേൽ അടക്കമുള്ളവർ യെമനിൽ എത്തി

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ 13 വയസുകാരി മകൾ മിഷേൽ അടക്കമുള്ളവർ യെമനിൽ എത്തി. പിതാവ് ടോമി തോമസിനും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻഡോ. കെ എ പോളിനുമൊപ്പമാണ് മിഷേൽ യെമനിൽ എത്തിയത്. അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയയാചിക്കാനാണ് കുട്ടി എത്തിയിരിക്കുന്നത്.

വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കഴിഞ്ഞ പത്ത് വർഷമായി മകളെ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മിഷേൽ അഭ്യർത്ഥനനടത്തിയത്. ‘എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ദയവായി സഹായിക്കണം. അമ്മയെ കാണാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അമ്മയെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു’

– മിഷേൽ പറഞ്ഞു. നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസും അഭ്യർത്ഥന നടത്തി. ‘ദയവായി എന്റെ ഭാര്യ നിമിഷ പ്രിയയെ രക്ഷിക്കണം. സ്വന്തം നാട്ടിലെത്തിക്കാൻ സഹായിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. മിഷേലിനും പിതാവിനുമൊപ്പം ഡോ. കെ എ പോളും ഉണ്ടായിരുന്നു.2017ലാണ് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നേരത്തെ യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തി.

എന്നാൽ ഈ ചർച്ചകൾ വഴിമുട്ടി.തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *