പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം; അന്വേഷിക്കാൻ കെപിസിസി നിർദേശം

തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശം. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ശബ്ദരേഖ ചോർന്നതിനു പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽവരും.
എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോൺഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചിരുന്നു. ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകൾക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് രവി ഒഴിഞ്ഞത്. മുൻ മന്ത്രി എൻ.ശക്തനാണ് പകരം ചുമതല നൽകിയത്.
3 മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീൽ ഒരു പരിപാടിക്കായി വിളിച്ചപ്പോൾ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പു രൂപേണയാണു പാലോട് രവി സംസാരിച്ചതെങ്കിലും ചില പരാമർശങ്ങൾ കടുത്തതാണെന്നു പാർട്ടി വിലയിരുത്തി. സംഭാഷണം പുറത്തുവിട്ട കുറ്റംചുമത്തി എ.ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു കെപിസിസി പുറത്താക്കിയിരുന്നു.



