ആർ.എസ്.എസ് കൊച്ചിയിൽ സംഘടിപ്പിച്ച ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിലെ നാല് സർവകലാശാല വി.സിമാർ

കൊച്ചി: ആർ.എസ്.എസ് കൊച്ചിയിൽ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിൽ നിന്നുള്ള നാല് വൈസ് ചാൻസിലർമാർ. കേരള വി.സി. മോഹൻ കുന്നുമ്മേൽ, കാലിക്കറ്റ് വി.സി പി. രവീന്ദ്രൻ, കണ്ണൂർ വി.സി കെ.കെ. സാജു, കുഫോസ് വി.സി എ. ബിജു കുമാർ തുടങ്ങിയവരാണ് കൊച്ചി അമൃത മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച പരിപാടിക്കെത്തിയത്.
ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന്‍റെ പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ആണ് പ്രധാനമായും പങ്കെടുത്ത് സംസാരിച്ചത്. നാലു വി.സിമാരും പരിപാടിയിൽ സംസാരിക്കുകയും ചെയ്തു .
വിദ്യാഭ്യാസത്തിലെ ഭാരതീയത’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് മോഹൻ ഭാഗവതാണ്. ഈ സെഷനിലും ഇതിന് മുന്നോടിയായി നടന്ന ലീഡർഷിപ് കോൺക്ലേവിലുമാണ് വി.സിമാർ പങ്കെടുത്തത്. മോഹൻ കുന്നുമ്മേൽ ആണ് ലീഡർഷിപ് കോൺക്ലേവിൽ ആമുഖ പ്രഭാഷണം നടത്തിയത്. കേരളീയ സമൂഹത്തിന്‍റെ സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യം പരിവർത്തനങ്ങളിലൂടെ രൂപപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെ പാരമ്പര്യസ്വത്ത് പണയംവെച്ച് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന അവസ്ഥ വിദ്യാർഥികൾ നേരിടുന്നു. ഇന്നത്തെ വിദ്യാർത്ഥികൾ വളരെ സാമർഥ്യവും നൈപുണ്യവുമുള്ളവരാണ്. എന്നാൽ ഒരു കൂട്ടം വിദ്യാർഥികൾ മറ്റു ചിലരുടെ പ്രേരണയിൽ രാഷ്ട്രീയ സ്ഥാനങ്ങൾക്ക് വേണ്ടി ഒന്ന് പൂർണമാക്കാതെ വിവിധ ഡിഗ്രി കോഴ്സുകളിൽ ചേർന്ന് സർവകലാശാലകളിൽ തുടരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു