ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം പുനരാവിഷ്‌കരിച്ച് പിവി അൻവർ

നിലമ്പൂർ: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം പുനരാവിഷ്കരിച്ച് പി വി അൻവർ. ഒരിക്കലും ഒറ്റക്കെെ ഉപയോഗിച്ച് ഒരാൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ചാടിക്കടക്കാൻ കഴിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജയിൽ അഴിക്ക് സമാനമായ കമ്പി കാണിച്ച് അത് ആക്‌സോ ബ്ലെയിഡ് ഉപയോഗിച്ച് മുറിക്കാനും വീഡിയോയിൽ അൻവർ ശ്രമിക്കുന്നുണ്ട്.
ഈ കമ്പി നൂറ് ആക്സോ ബ്ലെയിഡ് ഉപയോഗിച്ചാലും മുറിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു, എങ്ങനെ കമ്പിയിൽ ഉപ്പ് പിടിപ്പിക്കാനാണെന്നും അൻവർ ചോദിച്ചു. ഗോവിന്ദച്ചാമി ജയിൽ ചാടിയതിന്റെ ഡെമോയും അദ്ദേഹം കാണിക്കുന്നുണ്ട്. ഒരു സ്വകാര്യ ഭൂമിയിൽ വച്ചായിരുന്നു ജയിൽ ചാട്ടം പുനരാവിഷ്കരിച്ചത്.
‘പിവിസി പെെപ്പ് മുറിക്കാനാണ് ആക്സോ ബ്ലെയ്ഡ് ഉപയോഗിക്കുന്നത്. ഇതുകൊണ്ടാണ് ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത്. ഉപ്പ് വച്ച് തുണിമറച്ച് കെട്ടിവച്ചുവെന്ന് പറയുന്നു. ഇത്രയും ദിവസം തുണി കെട്ടിവച്ചപ്പോൾ ജയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയില്ലേ? 7.8 മീറ്റർ ഉയരത്തിലെ മതിൽ ചാടിക്കടക്കാൻ വെള്ളത്തിന് വച്ച ഡ്രമ്മുകൾ ഉപയോഗിച്ചുവെന്നാണ് പറയുന്നത്.
അത് മനുഷ്യസാദ്ധ്യമല്ല. രണ്ടുകെെ ഇല്ലാത്ത ഒരാൾ ഡ്രമ്മിൽ നിന്ന് തുണിയിൽ ചാടിപ്പിടിച്ചത് എങ്ങനെ? ജയിലിൽ നിന്ന് രക്ഷപ്പെട്ടു പോകാനാണ് ഒരാൾ ജയിൽ ചാടുന്നത്. എന്നാൽ രാവിലെ വരെ ജയിൽ ചുറ്റുഭാഗത്ത് തന്നെ ഗോവിന്ദച്ചാമി നിൽക്കുകയായിരുന്നു. എന്തുകൊണ്ട് ട്രെയിനിലോ ലോറിയിലോ കയറി രക്ഷപ്പെട്ടില്ല?’- അൻവർ ചോദിച്ചു.