പാലോട് രവിക്കെതിരെ നടപടിക്കൊരുങ്ങി കെപിസിസി

നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും തുടർഭരണം നേടുമെന്ന പ്രസ്താവനയിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്. ഇത് സംബന്ധിച്ച് അധ്യക്ഷൻ സണ്ണി ജോസഫ് വിവിധ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാലോട് രവിയുടെ പരാമർശം ഗൗരവമുള്ളതാണെന്നും എഐസിസി നേതൃത്വവുമായും സംസ്ഥാന നേതാക്കളുമായും വിഷയം ചർച്ച ചെയ്യുകയാണ് എന്നുമായിരുന്നു അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. ആദ്യപടിയായി ഉടനെത്തന്നെ വിശദീകരണം തേടും.

പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് പാലോട് രവി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തിൽ പറയുന്നത്. നിയമസഭയിലും കോൺഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു.

പരാമർശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞു. ശബ്ദരേഖ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ നടപടിയുടെ കാര്യം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാലോട് രവിക്കെതിരെ രൂക്ഷവിമർശനവുമായി യുവനേതാക്കളും രംഗത്തുവന്നിട്ടുണ്ട്. എടുക്കാച്ചരക്ക് എന്നത് കണ്ണാടിയിൽ നോക്കി പറയുന്നതാണ് നല്ലതെന്നായിരുന്നു കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് വിമർശിച്ചത്. പാർട്ടിയാണ് വലുത് പാലോട് അല്ല. പ്രവർത്തകരെ മാനിച്ച് പുറത്തിടണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ പ്രതികരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *