ഗോവിന്ദച്ചാമിക്കുപോലും സഹായം; സിപിഎമ്മിനും കടുത്ത നാണക്കേട്

കണ്ണൂർ ∙ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടിക്കാനായെങ്കിലും ജയിലിലെ സുരക്ഷാവീഴ്ച, വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎമ്മിനു വലിയ നാണക്കേടായി. ജയിലിൽ സിപിഎം തടവുകാരുടെ ഭരണമാണെന്ന ആക്ഷേപം നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് ജയിൽച്ചാട്ടം മറ്റൊരായുധമായി. ജയിൽ ചാടാനുള്ള എല്ലാ സൗകര്യങ്ങളും ഗോവിന്ദച്ചാമിക്കു കിട്ടിയെന്നാണു വ്യക്തമാകുന്നത്.

ജയിലിലും സിസ്റ്റത്തിന്റെ തകരാറോയെന്ന പരിഹാസം സിപിഎമ്മിനുനേരെ ഉയർന്നു. ജയിലിലാകുന്ന സിപിഎം പ്രവർത്തകർക്കു വഴിവിട്ട സഹായങ്ങൾ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. അതു ശരിവയ്ക്കുന്ന സംഭവങ്ങൾ ജയിലിൽ പതിവാണ്. സെല്ലുകളിൽനിന്നു മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്ന സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സിപിഎം നേതാക്കളായ ജയിൽ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണു ജയിലിൽ വഴിവിട്ട കാര്യങ്ങൾ നടക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം.

ഏറ്റവുമൊടുവിൽ കാരണവർ വധക്കേസിലെ ഷെറിന്റെ ജയിൽ മോചനത്തിനു പിന്നിലും ഇത്തരം ആക്ഷേപങ്ങൾ ഉയർന്നു. വനിതാ ജയിലിൽ ഷെറിനു ലഭിച്ച പരിഗണന ചർച്ചയായി. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം കൂടിയായതോടെ സെൻട്രൽ ജയിലിൽ കാര്യങ്ങൾ നേരായ രീതിയിലല്ലെന്നാണു വെളിപ്പെടുന്നത്. ജയിൽ ചാടാൻ ഗോവിന്ദച്ചാമി നടത്തിയ ദീർഘനാളത്തെ ആസൂത്രണവും അതിന്റെ നിർവഹണവും ജയിൽവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടെന്നതിനു തെളിവാണ്. ദിവസങ്ങളെടുത്ത് അഴികൾ മുറിച്ചിട്ടും ആരും അറി‍ഞ്ഞില്ല. സ്വാതന്ത്ര്യവും ഒത്താശയും ലഭിക്കാതെ അംഗപരിമിതനായ ഒരാൾക്കു ജയിൽ ചാടാൻ സാധിക്കില്ലെന്നു വ്യക്തം.

പ്രത്യേക നിരീക്ഷണത്തോടെ പാർപ്പിക്കേണ്ട കുറ്റവാളി തടവുചാടിയത്, ജയിൽ നിയന്ത്രണം ഉദ്യോഗസ്ഥർക്കല്ലെന്ന ആരോപണം ശരിവയ്ക്കുന്നു. ഗോവിന്ദച്ചാമിയെപ്പോലൊരു കുറ്റവാളി ജയിൽ ചാടിയ സാഹചര്യം സർക്കാർ സ്ത്രീസുരക്ഷ പരിഗണിക്കുന്നില്ലെന്നതിനു തെളിവായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. ഉത്തരവാദിത്തത്തിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന് ഒഴിയാനാവില്ലെന്നും അവർ പറയുന്നു. പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണെന്ന വാദവുമായാണ് സിപിഎം ഇതിനെ നേരിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *