നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തെറ്റാണെന്ന് മരിച്ച തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തെറ്റാണെന്ന് മരിച്ച തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണവും അബ്ദുൾ ഫത്താഹ് മഹ്ദി നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെടുകയും ചർച്ച നടത്തുകയും ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുമായി ഒരു സമയത്തും ഒരിടത്തും വച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് വധശിക്ഷ നീട്ടിവച്ചത്.

നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു.എന്നാൽ ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധിശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തലാലിന്റെ കുടുംബം. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു.

തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *