വിലാപയാത്ര ഉച്ചയോടെ ആലപ്പുഴയിലേക്ക്

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ സമരപോരാളിയുമായ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തിരുവനന്തപുരം ദർബാർ ഹാളിൽ തുടരുന്നു. പതിനായിരങ്ങളാണ് പ്രിയ നേതാവിനെ അവസാനമായി കാണാനായി ദർബാർ ഹാളിലേക്ക് എത്തുന്നത്. ദർബാർ ഹാളിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ദേശീയ പാത വഴിയാണ് വിലാപയാത്ര. വിലാപയാത്ര കടന്നുപോകുന്ന ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിനായി അവസരം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 27 കേന്ദ്രങ്ങളിലാണ് പ്രിയ നേതാവിനെ കാണാൻ ജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുള്ളത്. പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, ആറ്റിങ്ങൽ മൂന്നുമുക്ക്, ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്, കച്ചേരിനട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് വിലാപയാത്ര കടന്നുപോകുമ്പോൾ പൊതുദർശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.
കൊല്ലം ജില്ലയിൽ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാൻഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രമീകരണമുണ്ട്. ആലപ്പുഴയിൽ കെ പി എ സി ജംഗ്ഷൻ, കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണമുണ്ട്.
രാത്രിയോടെ മൃതദേഹം ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ചൊവ്വ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന ഭൗതികദേഹം രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയിൽ എത്തിക്കും. ബുധൻ രാവിലെ 9 മണിവരെ സ്വവസതിയിലും തുടർന്ന് 10 മണിയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും. ശേഷം 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
പൊതുദർശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടിൽ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം. പൊതുദർശനത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികൾക്ക് ബീച്ചിൽ നിയന്ത്രണവും നഗരത്തിൽ ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുദർശനത്തിനെത്തുന്നവർക്കുള്ള വാഹനപാർക്കിങ്ങിന് ബീച്ചിലെ മേൽപ്പാലത്തിന് അടിവശമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.



