കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശി അതുല്യയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സതീഷ് ശങ്കർ സംശയരോഗിയായിരുന്നുവെന്നും അതുല്യയുടെ ബന്ധുക്കൾ പറയുന്നു. പുരുഷന്മാരോടും സ്ത്രീകളോടും സംസാരിക്കാൻ അതുല്യയെ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

സതീഷ് നാട്ടിലും പ്രശ്നക്കാരനായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതുല്യ പിണങ്ങി വീട്ടിലെത്തിയസമയത്ത് പുലർച്ചെ മൂന്ന് മണിക്ക് ഒരു സംഘം ചെറുപ്പക്കാരുമായി സതീഷ് മതിൽ ചാടിക്കടന്നതായി അയൽവാസി പറയുന്നു. വീട്ടുകാരെയും അതുല്യയെയും ഉപദ്രവിക്കാനായിരുന്നു അത്. അന്ന് അത് തടഞ്ഞതായും അയൽവാസി വ്യക്തമാക്കി. മദ്യപിച്ച് ഓഫീസിലെത്തിയതിന് സതീഷിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

മദ്യപിച്ച് വിദേശത്ത് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി ഹാജരായിരുന്നില്ലെന്നും ഒപ്പം ജോലി ചെയ്തയാൾ പറഞ്ഞു.അതുല്യയുടെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ചവറ എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. തെക്കും ഭാഗം എസ്ഐ എൽ നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് കഴിഞ്ഞ ദിവസം രാത്രി അതുല്യയുടെ വീട്ടിലെത്തി മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കൊലപാതകക്കുറ്റത്തിന് പുറമേ സ്ത്രീധന പീഡനം, കെെ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്.ശനിയാഴ്ച പുലർച്ചെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചവറ തെക്കുംഭാഗം കോയിവിള സ്വദേശിയാണ്.

ഒരു വർഷമായി ഭർത്താവ് സതീഷ് ശങ്കറിനോടൊപ്പം ഷാർജയിൽ താമസിക്കുകയായിരുന്നു. ദുബായിലെ കോൺട്രാക്ടിംഗ് കമ്പനിയിലെ എൻജിനീയറാണ് സതീഷ് ശങ്കർ. കൂട്ടുകാർക്കൊപ്പം അജ്മാനിൽ പോയി പുലർച്ചെമടങ്ങിയെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടത് എന്നാണ് സതീഷ് പറയുന്നത്. ദമ്പതിമാരുടെ ഏകമകൾ ആരാധിക നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *