മിഥുന്റെ മരണം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കൊല്ലം തേവലക്കര സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് വൻ പ്രതിഷേധം. വിവിധ വകുപ്പുകൾക്ക് നേരെ ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സെക്രട്ടേറിയറ്റിന് മുമ്പിലും തേവലക്കര സ്‌കൂളിലേക്കും വൈദ്യുത മന്ത്രിയുടെ ഓഫീസിലേക്കും പ്രതിഷേധം സംഘടിപ്പിച്ചത്.
വൈദ്യുത മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ പാലക്കാട്ടെ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധക്കാരുമായി ഉന്തും തള്ളും ഉണ്ടായി. കൊല്ലം തേവലക്കര സ്‌കൂളിലേക്ക് ആർവൈഎഫ്, കെഎസ്‌യു, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാർത്ഥിയുടെ മരണത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് പത്തനംതിട്ട കടമ്മനിട്ടയിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്ന് വീണത്.
രണ്ട് വർഷത്തോളമായി ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് പൊളിഞ്ഞുവീണത്. രാത്രിയായിരുന്നു കെട്ടിടം പൊളിഞ്ഞത്. അതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ സ്‌കൂൾ അധികൃതർ എത്തിയപ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി കണ്ടെത്തിയത്.80 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
സ്‌കൂളിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിച്ചുമാറ്റി സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം പണിയാനായിരുന്നു സ്‌കൂള്‍ അധികൃതരുടെ പദ്ധതി. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ച് കാത്തിരിക്കവെയാണ് കെട്ടിടം തകര്‍ന്നുവീണിരിക്കുന്നത്.