വീണ്ടും ഷോക്കേറ്റ് മരണം, കെഎസ്ഇബിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

കൊണ്ടോട്ടി: വീട്ടുവളപ്പിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കെഎസ്‌ഇബി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി മുസ്ളീം യൂത്ത് ലീഗ്. നീറാട് മങ്ങാട്ട് ആനക്കച്ചേരി മുഹമ്മദ് ഷാ (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കൊണ്ടോട്ടിയിലെ കെഎസ്‌ഇബി സെക്ഷൻ ഓഫീസിലേക്കാണ് പ്രതിഷേധമാർച്ച് നടത്തിയത്.

പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ടവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ ആവശ്യം.കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് ഒരുതേക്ക് മരം ഒടിഞ്ഞു വീണിരുന്നു.

കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതിന് മുകളിലാണ് മരം വീണത്. പ്രദേശത്ത് മരം വീണതും വൈദ്യുത കമ്പി പൊട്ടി വീണതും മുണ്ടക്കുളം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് നാട്ടുകാർ പരാതി ഉയർത്തി. വൈദ്യുതി കമ്പി പൊട്ടിവീണ വിവരം അറിയിച്ചപ്പോൾ ഉച്ചയ്ക്ക് 12 മണിയോടെ സ്ഥലത്തെത്തും എന്ന് അറിയിച്ചെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

വ്യാഴാഴ്ച പകൽ 12.45 ഓടെയാണ് മുഹമ്മദ് ഷായ്ക്ക് അപകടം സംഭവിക്കുന്നത്. വീടിന് പിറകിലെ തോട്ടത്തിൽ പൊട്ടി വീണ വൈദ്യതി കമ്പിയിൽ നിന്നാണ് അപകടമുണ്ടായത്. വൈദ്യുതിക്കമ്പിയിൽ തട്ടി ഷോക്കേറ്റ് മുഹമ്മദ് ഷാ ദൂരേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. മുഹമ്മദ് ഷാ തോട്ടത്തിൽ വീണ് കിടക്കുന്നത് കണ്ട പ്രദേശവാസികൾ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഭാര്യ: സീനത്ത്. മക്കൾ: സഫ് വാന,ഷിഫ്ന,ഷിഫാൻ. മരുമകൻ: മുജീബ് റഹ്മാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *