വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ; സ്കൂൾ സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ

കൊല്ലം: വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച കൊല്ലത്തെ തേവലക്കര ബോയ്സ് എച്ച് എസിൽ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ സ്കൂളിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. ഇത്രയും വർഷമായി വെെദ്യുതി ലെെൻ താഴ്ന്ന് കിടന്നത് വീഴ്ചയായി ബാലാവകാശ കമ്മീഷൻ കാണുന്നുവെന്ന് കെ വി മനോജ് കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംഭവം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും വീഴ്ച പറ്റിയവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്തിമ റിപ്പോർട്ട് കെെമാറി. ഗുരുതരവീഴ്ചയുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ ഉള്ളത്. പ്രധാനാദ്ധ്യാപിക സുരക്ഷാ പ്രോട്ടോക്കോൾ ഉറപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.തേവലക്കര ബോയ്സ് എച്ച്.എസിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കറ്റ് ഇന്നലെ മരിച്ചത്.

വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ്. സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്കൂളാണിത്. എട്ടുവർഷം മുമ്പ് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് ക്ലാസ് മുറിയോട് ചേർന്ന് വൈദ്യുതി ലൈനിന് താഴെയായി സൈക്കിൾ ഷെഡ് നിർമ്മിച്ചത്. ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *