വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ, സഹോദരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അതേ സമയം, വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തതെന്നും ആരോടും ഒരു എതിര്‍പ്പുമില്ലെന്നും വിപഞ്ചികയുടെ കുടുംബം പറഞ്ഞു. കുഞ്ഞിനെവെച്ച് മത്സരിച്ച് ഒന്നും നേടാനില്ലെന്നും വിപഞ്ചികയുടെ കുടുംബം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

കുഞ്ഞിന്റെ സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച്ച ചെയ്തത്. ഇനിയും ഫ്രീസറില്‍ വെച്ചുകൊണ്ടിരിക്കാന്‍ വയ്യ. ഇതുവരെ മൃതദേഹം ഒന്നു കാണാന്‍ പോലും പറ്റിയിട്ടില്ല. ആരോടും ഒരു എതിര്‍പ്പുമില്ല. കുഞ്ഞിനെവെച്ച് മത്സരിച്ച് ഒന്നും നേടാനില്ല. കുഞ്ഞിന്റെ അച്ഛന്റെ അവകാശങ്ങള്‍ മാനിക്കുന്നു’- വിപഞ്ചികയുടെ കുടുംബം പറഞ്ഞു. വിപഞ്ചികയുടെ മരണം ആത്മഹത്യ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടെന്നും യുഎഇ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു.

അനുകമ്പയോടെ ഒരു വാക്കുപോലും നിധീഷിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. റീ പോസ്റ്റ്മോര്‍ട്ടം നടത്തില്ലെന്നും നാട്ടില്‍ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി. ആദ്യം ഇരുവരുടെയും മൃതദേഹം നാട്ടില്‍ കൊണ്ടു വരണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചിരുന്നെങ്കിലും പിന്നീട് ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജൂലൈ എട്ടിനാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും മകളേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും വിപഞ്ചിക കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *