റാഫിയയും സുൽഫിക്കറും ഉൾപ്പെട്ട 76 ലക്ഷത്തിന്റെ തട്ടിപ്പ്; നീതി തേടി ദമ്പതികൾ, പ്രതികൾ ജാമ്യത്തിൽ

ദമ്പതികളെ വഞ്ചിച്ച് 76 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികൾ സുരക്ഷിതരായി നാട്ടിൽ വിലസുന്നു. കേസ് കൊടുത്തിട്ടും പണം തിരികെ ലഭിക്കാതെ വലയുകയാണ് ആലപ്പുഴ സ്വദേശികളായ ബിസിനസ് ദമ്പതികൾ. രണ്ടുവർഷം മുമ്പ് പോലീസ് എഫ്ഐആർ ഇട്ട് പ്രതികളെ പിടികൂടിയെങ്കിലും കേസ് ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. എറണാകുളം സ്വദേശികളായ ഷെയ്ഖ് ദിലീപ്, കെ എം റാഫിയ, സുൽഫിക്കർ അലി എന്നിവരാണ് കേസിലെ പ്രതികൾ. 2022 ഫെബ്രുവരി മൂന്നിനും  ജൂണിനും ഇടയിലായി പലതവണയായി ബിസിനസ് നിക്ഷേപം എന്ന വ്യാജേന 76 ലക്ഷം പ്രതികൾ പരാതിക്കാരിൽ വാങ്ങിയെന്നാണ് കേസ്. വസ്ത്ര വ്യാപാര രംഗത്തെ നിക്ഷേപമെന്ന നിലയിലാണ് പണം സ്വീകരിച്ചത്. സ്റ്റൈൽ ക്രാഫ്റ്റ് സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് പണം അതിൽ നിക്ഷേപിക്കാം എന്നായിരുന്നു വാഗ്ദാനം.

  പണം കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും റാഫിയയും മറ്റുള്ളവരും കമ്പനി രൂപീകരിക്കുവാൻ തയ്യാറായില്ല. ദമ്പതികൾ കമ്പനി രൂപീകരിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പ്രതികൾ ഭീഷണിപ്പെടുത്തിയതായും  പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നപ്പോഴാണ് പോലീസിൽ പരാതിപ്പെടാൻ ദമ്പതികൾ നിർബന്ധിതരായത്.ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി പ്രകാരം പോലീസ് പ്രാഥമികാന്വേ ഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.ക്രൈം നമ്പർ 482/2023.കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് റാഫിയയും മറ്റുള്ളവരും ഒളിവിൽ പോയി.ആലപ്പുഴ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് വിശദമായ വാദം കേട്ട കോടതി അപേക്ഷ തള്ളി.പരാതിക്കാരെ വഞ്ചിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുംകൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.

തുടർന്ന് റാഫിയ ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.എന്നാൽ പിന്നീട് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങി. കേസ്  ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. 2022ൽ നഷ്ടമായ പണം മൂന്നുവർഷം ആയിട്ടും തിരികെ കിട്ടാത്തതിന്റെ ബുദ്ധിമുട്ടിലാണ് ബിസിനസ് ദമ്പതികൾ.  അന്വേഷണം പൂർത്തിയാക്കി നഷ്ടപ്പെട്ട പണമോ അല്ലെങ്കിൽ പ്രതികൾക്ക് തക്കതായ ശിക്ഷയോ ലഭിക്കണമെന്നതാണ് ദമ്പതികളുടെ ന്യായമായ ആവശ്യം. അതേസമയം ജാമ്യത്തിലിറങ്ങിയ റാഫിയയും സംഘവും പലസ്ഥലത്തും സമാനമായ തട്ടിപുകൾ നടത്താൻ ശ്രമിച്ചതായ വിവരവുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *