രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വിസിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചു. പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്‍കിയിരിക്കുന്നത്. വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മിനി കാപ്പന്‍ വി സിക്ക് നല്‍കിയ കത്തില്‍ പറയുന്നു. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവ് ഇറക്കിയിരുന്നു.

കേരള സര്‍വകലാശാലയിലെ തുടരുന്ന വിവാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് മിനി കാപ്പന്‍ പ്രതികരിച്ചിരിക്കുന്നത്. വി സി മിനി കാപ്പനെ രജിസ്ട്രാറാക്കിയതിന് പിന്നാലെ അച്ചടക്ക നടപടിയുണ്ടാകുമെന്നടക്കം സിന്‍ഡിക്കേറ്റ് പ്രതികരിച്ചിരുന്നു.

സര്‍വകലാശാലയിലെ രജിസ്ട്രാര്‍ സംവിധാനം താളം തെറ്റി കിടക്കുന്നതിനിടയിലാണ് മിനി കാപ്പന്റെ ഭാഗത്ത് നിന്നും ഒരു നീക്കമുണ്ടായിരിക്കുന്നത്. അതേസമയം രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ വി സി രാജ്ഭവനെ സമീപിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വി സി രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മാത്രവുമല്ല, അനില്‍ കുമാര്‍ അയച്ച ഫയലുകള്‍ വി സി തിരിച്ചയച്ചിരുന്നു. എന്നാല്‍ മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വി സി അംഗീകരിക്കുകയും ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്ന നിലയിലാണ് മിനി കാപ്പന്‍ അയച്ച ഫയലുകള്‍ വി സി അംഗീകരിച്ചത്. രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍ കുമാറിന് അയയ്ക്കരുതെന്ന് ചൂണ്ടിക്കാട്ടി വി സി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *