റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് പറയാനാവില്ല: കെ കെ രാഗേഷ്

കണ്ണൂര്‍: ഡിജിപി നിയമന വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കൂത്തുപറമ്പ് സമരം നടക്കുന്ന സമയത്ത് എഎസ്പിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ടാകാമെന്നും റവാഡ ചന്ദ്രശേഖര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് ഒരു തരത്തിലും പറയാന്‍ കഴിയില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.
ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതമായ അധികാരം മാത്രമാണുളളത്. നവംബര്‍ 23-നാണ് റവാഡ ചന്ദ്രശേഖര്‍ എഎസ്പിയായി ചുമതലയേറ്റത്. വിശദമായ പരിശോധന നടത്തിയത് പത്മനാഭന്‍ കമ്മീഷനാണ്. രണ്ടുദിവസം മുന്‍പ് ചുമതലയെടുത്ത എഎസ്പിക്ക് സ്ഥിതിഗതികള്‍ അറിയില്ലായിരുന്നു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹം ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് ഒരു തരത്തിലും പറയാന്‍ കഴിയില്ല’- കെ കെ രാഗേഷ് പറഞ്ഞു. ഏറ്റവും ഉചിതമായും നന്നായും സേനയെ നയിക്കാന്‍ കഴിയുന്ന ആളെയാണ് തെരഞ്ഞെടുത്തതെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.
പൊലീസ് മേധാവിയായി വരാന്‍ പറ്റിയ ഒരാള്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തതെന്നും സിപിഐഎമ്മിന് അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂത്തുപറമ്പ് വെടിവെപ്പുകേസില്‍ ശിക്ഷിക്കപ്പെട്ടയാളല്ല റവാഡ എന്നും അദ്ദേഹത്തെ പ്രതി ചേര്‍ക്കുന്നതില്‍ കാര്യമില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.
കൂത്തുപറമ്പില്‍ വെടിവയ്പ്പുണ്ടാകുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഐപിഎസ് പരിശീലനം കഴിഞ്ഞ് റവാഡ തലശേരിയില്‍ ജോലിക്ക് കയറുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ഇതില്‍ കാര്യമായ പരിചയമോ പ്രദേശത്തെക്കുറിച്ച് അറിവോ ഇല്ലായിരുന്നു. സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പ് തന്നെ അദ്ദേഹം അവിടെയുണ്ടായിരുന്നു. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എംവി ജയരാജന്‍ ഉള്‍പ്പെടെയുളളവരോട് ഒരുഭാഗത്തേക്ക് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് മന്ത്രിയുടെ വ്യൂഹം വന്നതും സംഘര്‍ഷമുണ്ടായതും’- എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.
അതേസമയം, സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്. തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. നേരത്തെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്നും 3 പേർ ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക യുപിഎസ്‌സി സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. ഈ പട്ടികയിൽ നിന്നാണ് മുഖ്യമന്ത്രി റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.