സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോർട്ട്. യു.പി.എസ്.സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയിൽ രണ്ടാം പേരുകാരനായിരുന്നു റവാഡ. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ഐബിയിൽ സ്‌പെഷ്യൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖരൻ. സീനിയോറിറ്റിയും സർവീസ് രേഖകളും ഐ.ബി റിപ്പോർട്ടും പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. ഇന്ന് വെെകിട്ടാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. ഡൽഹിയിലുള്ള റാവഡ വെെകിട്ടോടെ തിരുവനന്തപുരത്ത് എത്താനാണ് സാദ്ധ്യത. കേന്ദ്ര അനുമതി ലഭിച്ചാൽ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിൽ തിരിക്കും. ഇല്ലെങ്കിൽ നാളെയോ മറ്റന്നാളോ ആകും റവാഡ ചുമതലയേറ്റെടുക്കുക. 2026 ജൂലായ് അവസാനം വരെയാണ് റവാഡ ചന്ദ്രശേഖറിന്റെ സർവീസ്.1991 ബാച്ചിലെ ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.

കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയിൽ 15 വർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. മകൻ സിവിൽ സർവീസുകാരനാകണമെന്നായിരുന്നു കർഷകനായ പിതാവ് റവാഡ വെങ്കിട്ടറാവുവിന്റെ ആഗ്രഹം. എന്നാൽ ഡോക്ടറാകാനായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ ആഗ്രഹം. എംബിബിഎസ് കിട്ടാത്തതിനാൽ അഗ്രിക്കൽച്ചറൽ പഠനത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോൾ സിവിൽ സർവീസിലേക്ക് തിരിഞ്ഞു. 1991 ബാച്ചിൽ ഐപിഎസ് കിട്ടി. തലശേരി എഎസ്‌പിയായി തുടക്കം. പക്ഷേ തുടക്കം കുറച്ച് കഠിനമായിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് സസ്‌പെൻഷനിലായി. പിന്നീട് സർവീസിൽ തിരിച്ചെത്തിയ റവാഡ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പേരെടുത്തു. തിരുവനന്തപുരം കമ്മീഷണറായിരുന്നു. ഇടയ്ക്ക് യുഎൻ ഡെപ്യൂട്ടഷനിൽ പോയി. മടങ്ങിയെത്തിയ ശേഷം എസ്‌സിആർബിയിൽ ഐജിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *