എംആർ അജിത്ത് കുമാർ പൊലീസ് മേധാവിയാകാൻ വഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം : എംആർ അജിത്ത് കുമാർ പൊലീസ് മേധാവിയാകാൻ വഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മന്ത്രി വിളിച്ചാൽ ഫോൺ എടുക്കാത്ത ഒരാൾ എങ്ങനെ പൊലീസ് മേധാവിയാകുമെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ ആളാണ് എംആർ അജിത്ത് കുമാറെന്നും എന്തിന് വേണ്ടിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതിനാൽ അങ്ങനെ ഒരാൾ പൊലീസ് മേധാവിയാകാൻ സാധ്യതയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പൊലീസ് മേധാവിയെ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിയ ആറ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കാനിരിക്കവെയാണ് ബിനോയ് വിശ്വം വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കാനിരിക്കെ ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം നേരത്തെ യുപിഎസ്‌സിക്ക് കൈമാറിയിരുന്നു. നിതിന്‍ അഗര്‍വാൾ, രവഡ ചന്ദ്രശേഖ‍‍ർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിതന്‍, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. സംസ്ഥാന പൊലീസ് മേധാവി പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗസ്ഥരിൽ എം ആ‍ർ അജിത് കുമാർ ഒഴികെയുള്ളവരുടെ പേരിൽ വ്യാപക പരാതി യുപിഎസ്‌സിക്ക് ലഭിച്ചിരുന്നു. മേൽവിലാസമില്ലാത്ത പരാതികളാണ് യുപിഎസ്‌സിക്ക് ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ വിശദമായി വിലയിരുത്തിയെന്നും മലപ്പുറം ജില്ലാ കമ്മിറ്റിയോട്

വിശദമായി പഠിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ആ റിപ്പോർട്ട് കിട്ടിയ ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് തീരുമാനം. സ്വരാജിന്റെ പരാജയം ഗൗരവമായി തന്നെയാണ് പാർട്ടി കാണുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു. എൽഡിഎഫിന് നിലമ്പൂരിൽ മത്സരിപ്പിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥാനാർത്ഥി തന്നെയാണ് സ്വരാജ് എന്നും തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രാഷ്ട്രീയമായിട്ടാണ് പോരാടിയത് എന്നും ബിനോയ് വിശ്വം പറഞ്ഞു.

തന്നെ കുറിച്ച് പറഞ്ഞ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദന്റെയും എറണാകുളം ജില്ല സെക്രട്ടറി കെഎം ദിനകരന്റെയും ശബ്ദരേഖയെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. ‘ എനിക്ക് പണ്ട് മുതലെ അവരെ അറിയാം. അവരൊന്നും ജന്മനാ കുഴപ്പക്കാരല്ല. അവർക്ക് ഒരു പാളിച്ച പറ്റിയെങ്കിൽ അത് തിരുത്താൻ സഹായിക്കും’, ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച അടൂ‍ർ പ്രകാശിന്റെ നിലപാടിനെയും അദ്ദേഹം പരിസഹസിച്ചു. സിപിഐ രാഷ്ട്രീയം ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയം ആണ്. ആ രാഷ്ട്രീയത്തിന്റെ ഉപഞ്ജാതാക്കളിൽപ്പെട്ട പാർട്ടിയാണ് സിപിഐ എന്നായിരുന്നു അടൂ‍ർ പ്രകാശിന്റെ യുഡിഎഫിലേയ്ക്ക് ക്ഷണത്തെ കുറിച്ച് ബിനോയ് വിശ്വം പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *