കോൺഗ്രസ് വിടാൻ ഒരുങ്ങി ശശി തരൂർ; വേണമെങ്കിൽ സ്വയം പുറത്തു പോകട്ടെ എന്ന് പാർട്ടി നിലപാട്

തിരുവനന്തപുരം: നിർണായകമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസം തന്നെ പാർട്ടി നേതൃത്വത്തിനെതിരായ പ്രവർത്തക സമിതിയംഗം ശശി തരൂരിന്‍റെ പരാമർശത്തിനെതിരെ കോൺഗ്രസിനുള്ളിൽ വ്യാപക വിമർശനം. പാർട്ടി കേന്ദ്ര നേതൃത്വത്തെ ദുർബലമാക്കാൻ തരൂർ നിരന്തരം ശ്രമിക്കുകയാണെന്നാണ് പൊതുവായ വിലവിരുത്തൽ.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്നാണ് ഇന്നലെ മാധ്യമങ്ങളോട് തരൂർ പറഞ്ഞത്. തരൂരിന്‍റെ പരാമർശം വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. പട്ടിക പ്രകാരം എട്ടാം സ്ഥാനത്താണ് തരൂരിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ, തരൂരിന്‍റെ തന്ത്രത്തിൽ വീഴേണ്ടെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വത്തിന്‍റേത്. തരൂരിനെതിരെ പരസ്യ പ്രസ്താവനകൾ വേണ്ടെന്നും കൂടുതൽ പ്രകോപിതനാക്കേണ്ടെന്നും ആണ് നേതാക്കൾക്ക് കോൺഗ്രസ് നൽകിയിട്ടുള്ള നിർദേശം.

കോൺഗ്രസിൽ നിന്ന് ഒരു കാരണം കണ്ടെത്തി പുറത്ത് പോകാനുള്ള നീക്കമാണ് തരൂർ നടത്തുന്നതെന്നാണ് പൊതു വിലയിരുത്തൽ. തന്നെ കോൺഗ്രസ് പുറത്താക്കിയെന്ന പൊതുവികാരം ഉണ്ടാക്കിയെടുക്കുക എന്നതാണ് തരൂർ ലക്ഷ്യമിടുന്നത്. എന്നാൽ, തരൂരിനെ പുറത്താക്കി വിമർശനം ഏറ്റുവാങ്ങേണ്ടെന്നും വേണമെങ്കിൽ സ്വയം പുറത്തു പോകാമെന്നുമാണ് പാർട്ടി ലൈൻ.

അതേസമയം, ഓപറേഷൻ സിന്ദൂറിന്‍റെ ഭാഗമായി വിദേശപര്യടനം പൂർത്തിയാക്കിയ തരൂർ എ.ഐ.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യം പ്രകടിപ്പിച്ചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, കൂടിക്കാഴ്ചക്ക് പാർട്ടി നേതൃത്വം താൽപര്യം കാണിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.

കോണ്‍ഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു ശേഷം അതേക്കുറിച്ച് വിശദമായി സംസാരിക്കാമെന്നും ആണ് ശശി തരൂര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. നിലമ്പൂരില്‍ പ്രചാരണത്തിന് പോകാതിരുന്നത് ആരും ക്ഷണിക്കാത്തതു കൊണ്ടാണ്. ക്ഷണിച്ചാല്‍ പോകുമായിരുന്നു. നിലമ്പൂരിലേക്ക് വരണമെന്നറിയിച്ച് ഒരു മിസ്ഡ് കാള്‍ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാതെ, ഒരിടത്തും പോകാറില്ല. വയനാട്ടിൽ പ്രിയങ്കയുടെ പ്രചാരണത്തിന് ക്ഷണിച്ചിരുന്നു. സാധാരണ ചെല്ലണമെങ്കില്‍ പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കാറാണ് പതിവ്. ഇത്തവണ അതുണ്ടായില്ലെന്നും തരൂര്‍ പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *