മലപ്പുറത്ത് ഒമ്പത് മാസ പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു

മലപ്പുറം: തിരൂരിൽ ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തിൽ കുമാർ, പ്രേമലത എന്നിവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിനെ വളർത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവർ പറഞ്ഞു.

കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ് ജോലി ചെയ്ത് വരുന്നത്. തിരൂരിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും താമസിക്കുന്നത്. കുട്ടിയെ കുറേ നേരമായി കാണാനില്ലെന്ന് ഇവര്‍ക്കൊപ്പം ക്വാട്ടേഴ്‌സില്‍ താമസിക്കുന്നവരാണ് തിരൂര്‍ പൊലീസിനെ അറിയിച്ചത്. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് പൊലീസിനോട് കുട്ടിയെ വിറ്റെന്ന സത്യം വെളിപ്പെടുത്തുന്നത്. തമിഴ്‌നാട് സ്വദേശിയായ ആദിലക്ഷ്മി എന്ന സ്ത്രീയ്ക്കാണ് കുട്ടിയെ വിറ്റത്.

മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയെ കണ്ടെത്തി രക്ഷിക്കുകയും വൈകീട്ട് കുട്ടിയെ മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചുപേര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെഷന്‍ 75, 81 എന്നിവ പ്രകാരം കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *