ജമാഅത്തെ ഇസ്‌ലാമി പിരിച്ചുവിടണമെന്ന് കാന്തപുരം വിഭാഗം

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി പിരിച്ചുവിടണമെന്ന് കാന്തപുരം വിഭാഗം. രൂപീകരണ ലക്ഷ്യത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടെങ്കില്‍ പിരിഞ്ഞു പോകണം. ആശയപരമായും സംഘടനപരമായും ജമാഅത്തെ ഇസ്‌ലാമി അസ്തിത്വം നഷ്ടപ്പെട്ടു. സംഘടന പിരിച്ചുവിട്ട് മുസ്ലിം പൊതുധാരയില്‍ ജമാഅത്തെ ഇസ്‌ലാമി ലയിക്കണമെന്നാണ് എസ്എസ്എഫ് മുഖമാസികയുടെ എഡിറ്റോറിയലിലൂടെയാണ് കാന്തപുരം വിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമി ഹാകിമിയ്യത്ത് വാദത്തില്‍ നിന്നും പിന്മാറിയോ എന്ന് വ്യക്തമാക്കണം. ദൈവത്തിന്റെ ലോകത്ത് ദൈവത്തിന്റെ ഭരണം മാത്രമെന്ന നിലപാടാണ് ജമാഅത്തെ ഇസ്‌ലാമിക്ക്. ദൈവികേതര ഭരണ വ്യവസ്ഥിതിയെ അംഗീകരിക്കുക വഴി മതപരിത്യാഗം ചെയ്യുന്നു എന്നാണ് ജമാഅത്തെ പ്രചരിപ്പിച്ചത്. പാരമ്പര്യ ഇസ്‌ലാമിക സമൂഹത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയെ മാറ്റിനിര്‍ത്തുന്നത് ഹാകിമിയ്യത്ത് വാദമെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

മൗദൂദിയുടെ ആശയങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്നും ഹാക്കിമിയ്യത്തു വാദമില്ലെന്നും പറയുക വഴി പ്രഖ്യാപിത ആശയങ്ങളില്‍ നിന്നും സംഘടന പിന്നോക്കം പോയി. പാരമ്പര്യ ഇസ്‌ലാമുമായി പൊട്ടിച്ചു കളഞ്ഞ കണ്ണികള്‍ വിളക്കി ചേര്‍ക്കപ്പെടുകയാണെങ്കില്‍ പിരിച്ചുവിടണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചാ വിഷയമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *