രഞ്ജിതയെ അധിക്ഷേപിച്ച എ പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതി ഓഫീസിലെത്തിയത് മദ്യപിച്ചെന്ന് പൊലീസ്

കാഞ്ഞങ്ങാട്: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെളളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. പവിത്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിത 196, 75, 67 (A) ഐടി ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താലൂക്ക് ഓഫീസിലേക്ക് പ്രതി മദ്യപിച്ചാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിതയ്‌ക്കെതിരായ അവഹേളന പരാമർശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ രഞ്ജിത മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവഹേളനുമായി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കമന്റില്‍ തീര്‍ത്തും മോശമായ പരാമര്‍ശമായിരുന്നു ഇയാള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.

ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചിരുന്നു. മനുഷ്യത്വരഹിത നടപടി എന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുക എന്നും ഇത്തരത്തിലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. നേരത്തെ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *