കിളിമാനൂരില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം :കിളിമാനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്റ് ചെയ്തത്.  അന്വേഷിച്ച് കടുത്ത നടപടി എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.

കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുറിച്ച് വ്യാജപ്രചാരണം നടത്തി. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം പഠനം ഉപേക്ഷിച്ചുവെന്നാണ് വിദ്യാര്‍ഥിനി  പറഞ്ഞത്.

അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. സിഡബ്ല്യൂസിയിലും പൊലീസിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം വ്യക്തമാക്കി. സിഡബ്ല്യൂസി അന്വേഷണത്തില്‍ ഉള്‍പ്പടെ വ്യാജ പ്രചാരണം എന്നു കണ്ടെത്തി. നാണക്കേടിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പ്ലസ് വണ്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു.

അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് സ്‌കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. സ്‌കൂളിലെ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇല്ലാക്കഥകള്‍ വന്നപ്പോള്‍ പഠിക്കാന്‍ പോലും തോന്നിയില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. വ്യാജപ്രചാരണം അറിഞ്ഞ് മറ്റുള്ളവര്‍ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്ന് പെണ്‍കുട്ടി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *