സമ്പര്‍ക്കപ്പട്ടികയില്‍ 485 പേര്‍; നിപ പട്ടിക പുറത്തുവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ്. 485 പേരാണ് ആകെ സമ്പര്‍ക്ക പട്ടികയിലുളളത്. മലപ്പുറം- 192 കോഴിക്കോട്- 114 പാലക്കാട്- 176 എറണാകുളത്ത് 2 കണ്ണൂർ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം.
മലപ്പുറത്ത് 18 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയി. പാലക്കാട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം നിപ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം ഇന്ന് നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. നിപ ബാധിതയായ തച്ചനാട്ടുകര സ്വദേശിയായ 38കാരിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുട്ടിയുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവായി.നിപ സ്ഥിരീകരിച്ച യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവില്‍ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ചയാണ് യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.