28കാരനായ ജിം ട്രെയിനർക്ക് 42കാരി വിവാഹിതയുമായി ബന്ധം; പിന്നാലെ ഭീഷണി

ബംഗളൂരു: ബംഗളൂരുവിലെ ജിം ട്രെയിനർ ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ ജിമ്മിൽ നിന്നും പരിചയപ്പെട്ട യുവതിയുടെ ഭീഷണിയാണെന്ന് കുടുംബം ആരോപിക്കുന്നു. 28കാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇൻസ്റ്റഗ്രാം മെസേജിലൂടെയാണ് ജീവനൊടുക്കിയ വിവരം കുടുംബം അറിയുന്നത്.
മെസേജ് കണ്ടതിന് പിന്നാലെ മുറിയുടെ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ദിലീപിനെ മരിച്ചനിലയിൽ കണ്ടത്. ദിലീപിന്റെ സുഹൃത്തായ യുവതി വിവാഹിതയാണ്. ഇവർ തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പിന്നാലെ യുവതി ദിലീപിനെ ഭീഷണിപ്പെടുത്തി. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
42കാരിയുമായി ദിലീപ് ജിമ്മിൽ വച്ചാണ് പരിചയപ്പെട്ടത്. കൂടുതൽ അടുത്തതോടെ യുവതി ദിലീപിൽ നിന്ന് പണം ആവശ്യപ്പെടാൻ തുടങ്ങി. ഭീഷണി കൂടിയായതോടെ ദിലീപ് പൊലീസിൽ പരാതിയും നൽകി. അന്ന് യുവതിയുടെ ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ പരസ്പരം സംസാരിച്ച് ഒത്തുതീർപ്പാക്കി. ശേഷവും യുവതി ഭീഷണി തുടരുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഫോറൻസിക് സംഘവും മുറിയിലെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്.



