വിവാഹം നിരസിച്ചതിന് എച്ച്‌ഐവി പോസിറ്റീവ് രക്തം കുത്തിവച്ചു; 24കാരി ജീവനൊടുക്കി

ഹൈദരാബാദ്: വിവാഹം നിരസിച്ചതിന് ബലമായി എച്ച്‌ഐവി പോസിറ്റീവ് രക്തം കുത്തിവയ്ക്കപ്പെട്ട 24കാരി ജീവനൊടുക്കി. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മാർച്ച് 11ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മനോഹർ എച്ച്‌ഐവി ബാധയേറ്റ സ്വന്തം രക്തം ബലമായി യുവതിയിൽ കുത്തിവയ്ക്കുകയായിരുന്നു.
പ്രതിയും പെൺകുട്ടിയും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നടത്താൻ രണ്ടുപേരുടെയും മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിയുടെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായിരുന്നതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇയാളുടെ രക്തവും പരിശോധനയ്ക്ക് അയച്ചു. തുടർന്ന് എച്ച്‌ഐവി പോസിറ്റീവ് ആണെന്നറിഞ്ഞതോടെ യുവതി വിവാഹത്തിൽ നിന്ന് പിന്മാറി.
തുടർന്നാണ് വീട്ടിലെത്തിയ പ്രതി രക്തം കുത്തിവച്ചത്.ഇന്നലെയാണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതാകാം മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം



