‘പുരുഷൻമാർക്കായി 24 മണിക്കൂറും ഫോൺ സംവിധാനം’; ദീപക്കിന്റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച് മെൻസ് അസോസിയേഷൻ

കൊച്ചി: ബസിൽ ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് മെൻസ് അസോസിയേഷൻ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ടാണ് മെൻസ് അസോസിയേഷന്റെ നീക്കം. പരാതിയിൽ സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നാണ് ആവശ്യം.

യാത്രക്കാരിയായ ഷിംജിത മുസ്‌തഫയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്. യുവതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കണം. യുവതിയുടെ മൊബൈൽ ഫോണിലാണ് ബസിലെ വീഡിയോ എഡിറ്റ് ചെയ്തത്. അതിനാൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്നത് തെറ്റായ പ്രചാരണമാണെന്നും ഹർജിയിൽ പറയുന്നു.

3.17 ലക്ഷം രൂപ ദീപക്കിന്റെ കുടുംബത്തിന് കൈമാറിയതായി വീട് സന്ദർശിച്ചശേഷം മെൻസ് അസോസിയേഷൻ പ്രതിനിധി രാഹുൽ ഈശ്വർ പറഞ്ഞു. പുരുഷൻമാർക്ക് സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ സംവിധാനം ഒരുക്കാനാണ് അസോസിയേഷന്റെ തീരുമാനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്നാണ് ഷിംജിത ഒളിവിൽ പോയത്.

യുവതി സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അതേസമയം, ഷിംജിത മംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതിനിടെ യുവതി മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *