മലയാളികളുടെ സ്വകാര്യ അഹങ്കാരം നടൻ മോഹൻലാലിന്റെ 65-ാം പിറന്നാൾ ഇന്ന്

മലയാളികളുടെ സ്വകാര്യ അഹങ്കാരം നടൻ മോഹൻലാലിന്റെ 65-ാം പിറന്നാളാണ് ഇന്ന്. വെെവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അത്ഭുതപ്പെടുത്തുന്ന മോഹൻലാലിന് ലോകമെമ്പാടുമുള്ള ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്. തലമുറകൾ എത്ര തന്നെ മാറിയാലും മോഹൻലാൽ എന്ന പ്രതിഭയെ മലയാളികൾക്കും കലാകാരന്മാർക്കും മറക്കാൻ കഴിയില്ല. ഒരുവശം ചരിഞ്ഞ തോളുമായി മലയാളികളുടെ മനസിൽ ഇടംപിടിച്ച താരരാജാവ് ഇതിനോടകം ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇന്നും ആ നടനവിസ്മയം കണ്ട് അത്ഭുതപ്പെടുന്നവരാണ് മലയാളികൾ. അടുത്തിടെ ഇറങ്ങിയ മോഹൻലാലിന്റെ രണ്ട് ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം തന്റെ മികവ് തെളിയിച്ചു. 1980ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് മോഹൻലാൽ എന്ന നടനെ മലയാളികൾ അഭ്രപാളിയിൽ ആദ്യം കണ്ടത്. 20-ാം വയസിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ കാർത്തിക എന്നിവർ അഭിനയിച്ച ചിത്രമാണ് ‘താളവട്ടം’. 1986ലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇതിലെ മോഹൻലാലിന്റെ അഭിനയം അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘രാജാവിന്റെ മകൻ’. ഈ ചിത്രത്തിലെ മോഹൻലാലിന്റെ വേഷം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.